കേരള നിയമസഭയിലേക്ക് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടുകൂടി വിജയിച്ച ഓർത്തഡോക്സ് സഭാ അംഗവും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഇടവകാംഗവുമായ ശ്രീ. ചാണ്ടി ഉമ്മനെ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.
റഷ്യയിൽ നിന്ന് റോമിലേക്കുള്ള യാത്രാമദ്ധ്യേ ദുബായിൽ നിന്നാണ് പരിശുദ്ധ ബാവാ ചാണ്ടി ഉമ്മനെ വിളിച്ചത്.
ജന നായകനായി കേരളത്തിൽ പ്രശോഭിച്ച ശ്രീ ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരുവാനും, നിയമസഭാ സാമാജികൻ എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ അനുഗ്രഹകരമായി നിറവേറ്റുവാനും സാധിക്കട്ടെ എന്ന് പരിശുദ്ധ ബാവാ ആശംസിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും പരിശുദ്ധ കാതോലിക്കാ ബാവായുടെയും അഭിനന്ദനങ്ങളാണ് അറിയിച്ചത്. നാട്ടിൽ വന്നതിനു ശേഷം നേരിട്ട് കാണാം എന്നും പരിശുദ്ധ ബാവാ അറിയിച്ചു.