Friday, May 14, 2021

രാജ്യം യുദ്ധരംഗത്താകുമ്പോൾ

 


 

രാജീവ് വടശ്ശേരി 

രാജ്യം യുദ്ധരംഗത്തേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ പ്രഥമ പരിഗണന കൊടുക്കേണ്ട വിഷയങ്ങളുടെ മുൻഗണനാക്രമം മാറിവരും. അഥവാ അതുവരെ മുൻഗണന കൊടുത്തിരുന്ന വിഷയങ്ങളുടെ ക്രമം മാറ്റേണ്ടിവരും. പിന്നീട് യുദ്ധവും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായിരിക്കും മുന്‍ഗണന; ജനങ്ങളുടെ സുരക്ഷിതത്വത്തിനും. എക്കാലത്തും ജനങ്ങളുടെ സുരക്ഷ തന്നെയാണ് പ്രധാനം.

യുദ്ധം തുടങ്ങിയാല്‍പിന്നെ ആവശ്യത്തിന് സൈനികരെ വിന്യസിക്കുക എന്നത് പ്രധാനമാണ്. അതുപോലെ തന്നെ പ്രധാനമാണ് അവര്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുക എന്നതും. അതോടൊപ്പം സപ്ലൈചെയിൻ മുറിഞ്ഞുപോകാതെ നോക്കുകയും വേണം. ഇതുമൂന്നും ശ്രദ്ധിച്ചില്ലങ്കിൽ പരാജയം പ്രതീക്ഷിക്കാം. ഒരു ബുദ്ധിയുള്ള ഭരണാധികാരി ഇത് ഉറപ്പു വരുത്തും. അതിനു വേണ്ടിവന്നാല്‍ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളോ ഒക്കെ നിർത്തിവയ്ക്കുകയും ചെയ്യേണ്ടി വരും.

ഒരു മഹാമാരിയോടുള്ള പോരാട്ടവും യുദ്ധം തന്നെയാണ്. അതു തുടങ്ങിയാൽ ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുക, ഡോക്ടര്‍മാരേയും നേഴ്സുമാരേയും വിന്യസിക്കുക എന്നത് പ്രധാനമാണ്. അതോടൊപ്പം ആവശ്യമായ മരുന്നുകള്‍, വാക്സിൻ എന്നിവ എത്തിക്കുകയും വേണം.

തങ്ങളുടെ പൗരന്മാർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമായി ഒരുക്കുന്നതിന് ദീർഘവീക്ഷണമുള്ള പല ഭരണാധികാരികളും ഇന്ന് ശ്രദ്ധിക്കുന്നുണ്ട്.  ഈ കോവിഡ് കാലത്ത് നമുക്കും വേണ്ടത് ഇത് തന്നെയാണ്. എല്ലാവർക്കും സൗജന്യ ചികിത്സ ലഭ്യമാക്കാൻ നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കണം. അതുപോലെ എല്ലാവരും വാക്സിൻ എടുത്തു എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ഇതെല്ലാം പൂർണ്ണമായും സൗജന്യമായി തന്നെ ചെയ്യണം. വേണ്ടിവന്നാല്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യപ്രവർത്തകരേയും, അവിടെയുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഇത് നിർവഹിക്കാവുന്നതാണ്. ആരെങ്കിലും വിസമ്മതിച്ചാലും ബലംപ്രയോഗിച്ച് തന്നെ സർക്കാർ ഇത് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.
ഇതൊക്കെ ചെയ്യുമ്പോള്‍ സ്വന്തം പൗരന്മാരെന്നോ വിദേശികളെന്നോ വേർതിരിവ് പാടില്ല. എന്നുമാത്രമല്ല നാടോടികള്‍ക്കും ഭിക്ഷക്കാർക്കുംവരെ ഇത് ലഭ്യമാക്കുകയും വേണം. ഓരോ പൗരനും സുരക്ഷിതനാകുന്നതുവരെ ആരും സുരക്ഷിതരല്ല എന്നുള്ള കാര്യം നാം മനസ്സിലാക്കണം.

നല്ല ഭരണാധികാരി സുരക്ഷയുടേയും വികസനത്തിന്റെയും കാര്യത്തില്‍ എല്ലാ സ്റ്റേറ്റിനും തുല്യ പങ്കാളിത്തം ഉറപ്പുവരുത്തും. അവിടെ തനിക്കിഷ്ടമുള്ള സര്‍ക്കാര്‍ ആണോ അധികാരത്തില്‍ എന്നൊന്നും നോക്കരുത്. ബുദ്ധിയുള്ളവർ രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ശ്രമിക്കും. ഇത് ശ്രദ്ധിച്ചില്ലങ്കിൽ അധികാരം മാത്രമല്ല രാജ്യത്തിന്റെ നിലനിൽപുതന്നെ അപകടത്തില്‍ ആകും.

ഇതൊക്കെ ഞാനാണ് അധികാരത്തില്‍ എങ്കില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആണ്. അഥവാ എന്റെ കാഴ്ചപ്പാടുകള്‍ ആണ് വിയോജിക്കേണ്ടവർക്ക് അതാവാം.


Share: