ഇന്‍ഡോര്‍ (മധ്യപ്രദേശ്): ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ 139 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍ഡോര്‍ ക്രിസ്ത്യന്‍ കോളജിന്റെഭൂമി ഏറ്റെടുക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു.
1887-ല്‍ സ്ഥാപിതമായ ഇന്‍ഡോര്‍ ക്രിസ്ത്യന്‍ കോളജിന്റെ ഉടമസ്ഥതയിലുള്ള 1.7 ഹെക്ടര്‍ (4.2 ഏക്കര്‍) ഭൂമി നിയമവിരുദ്ധമായി ഏറ്റെടുക്കാനായിരുന്നു ഗവണ്‍മെന്റിന്റെ ശ്രമം. അതിനെതിരെ മാനേജ്‌മെന്റ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇപ്പോഴത്തെ വിലയനുസരിച്ച് ഏതാണ്ട് 400 കോടി രൂപ വിലമതിക്കുന്നതാണ് ഈ ഭൂമി. 2,300 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിന്റെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ നടപടി ദോഷകരമായി ബാധിക്കുമായിരുന്നു.
കോടതി ഉത്തരവ് മറികടന്നും നിലവിലുള്ള ചട്ടങ്ങള്‍ ലംഘിച്ചുമാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തിച്ചതെന്ന് കേസ് പരിഗണിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് നിരീക്ഷിച്ചു. ഉദ്യോഗസ്ഥര്‍ രേഖകളില്‍ തിരിമറി നടത്തിയതായും കോടതി കണ്ടെത്തി.
തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് നിലനില്ക്കുമ്പോള്‍ ജനുവരി 23-ന് വാദം കോടതി കേള്‍ക്കാന്‍ ഇരിക്കവെയാണ് അതിന് 10 ദിവസം മുന്‍പ് ഭൂമി ഏകപക്ഷീയമായി ഏറ്റെടുക്കാനുള്ള വിവാദ ഉത്തരവ് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചത്. കളക്ടറുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി വിശേ ഷിപ്പിച്ചു.
ഭൂമി അനുവദിച്ചതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്ന് കോളേജ് വ്യതിചലിച്ചുവെന്നും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഭൂമി ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
1887-ല്‍ അന്നത്തെ ഹോള്‍ക്കര്‍ രാജവംശം കനേഡിയന്‍ മിഷന് ആശുപത്രിയും സ്‌കൂളും സ്ഥാപിക്കാനായി ദാനമായി നല്‍കിയതാണ് ഈ ഭൂമി.
മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവയ്ക്കുന്നതിന്റെ ഉദാഹരണമായിട്ടാണ് ഈ നടപടിയെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കളക്ടര്‍ കോടതിയെ മറികടന്ന് നിയമവിരുദ്ധമായ ഉത്തരവ് പുറപ്പെടുവിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.


