ഭരണങ്ങാനത്ത് എത്തിയ പ. കാതോലിക്കാ ബാവായെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഇമെരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വിശുദ്ധർ ലോകത്തിന്റെ പൊതു സ്വത്താണെന്നു പരിശുദ്ധ ബാവാ പറഞ്ഞു. വിശുദ്ധന്മാരെ ആദരിക്കേണ്ടതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇത്രയും തിന്മകൾ ലോകത്തുണ്ടായിട്ടും മനുഷ്യവർഗം നിലനിൽക്കുന്നതു വിശുദ്ധരുടെ പ്രാർഥനയും മധ്യസ്ഥതയും കൊണ്ടാണ്. വിശുദ്ധ അൽഫോൻസാമ്മ സഹനശക്തിയുടെയും സ്ഥിരോത്സാഹത്തിന്റെയും മാതൃകയാണ്, കഷ്ടതയെ വിശുദ്ധിയുടെ പരിമളമാക്കി അൽഫോൻസാമ്മ മാറ്റിയെന്നും പരിശുദ്ധ ബാവാ പറഞ്ഞു. വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണാർഥം ഫാമിലി കണക്ടി ന്റെ ആഭിമുഖ്യത്തിൽ ഓസ്ട്രേലി യൻ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാംപിന്റെ പ്രകാശനവും പരിശുദ്ധ ബാവാ നിർവഹിച്ചു.
പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോസഫ് തടത്തിൽ, വികാരി ജനറൽമാരായ മോൺ. ജോസഫ് മേലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോടിക്കൽ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോൺസൺ പുള്ളീറ്റ്, ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർ റോബർട്ട് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.