അബുജ നൈജീരിയയിൽ സെന്റ് മേരീസ് കാത്തലിക് സ്‌കൂൾ ആക്രമിച്ച തോക്കുധാരികൾ വിദ്യാർഥികളും അധ്യാപകരുമടക്കം 315 പേരെ തട്ടിക്കൊണ്ടുപോയി.
പെൺകുട്ടികളടക്കം 303 സ്‌കൂൾ വിദ്യാർഥികളെയും 12 അധ്യാപകരെയുമാണു തട്ടിക്കൊണ്ടുപോയതെന്നു ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചു. സംഘർഷബാധിതമായ വടക്കൻ സംസ്‌ഥാനം നൈജറിലെ വിദൂരപ്രദേശമായ പാപിരിയിലെ സ്കൂളിലാണു സംഭവം.
2014 ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം ചിബോക് പട്ടണത്തിലെ 276 സ്‌കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയത് ആഗോളശ്രദ്ധ നേടിയിരുന്നു. വടക്കൻ മേഖലയിൽ സജീവമായ ഡസൻകണക്കിന് കൊള്ളസംഘങ്ങൾ വിദൂരമേഖലയിലെ സ്കൂളുകൾ ആക്രമിച്ചു കഴിഞ്ഞ വർഷങ്ങളിൽ ആകെ 1500 വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോയത്.
നൈജീരിയയിൽ ന്യൂനപക്ഷമായ ക്രൈസ്‌തവ വിഭാഗങ്ങൾക്കെതിരെ ആക്രമണം വ്യാപകമാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം നൈജീരിയ തള്ളിയിരുന്നു. നൈജീരിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യുഎസ് സന്ദർശിക്കുന്നതിനിടെയാണ് സ്‌കൂൾ ആക്രമണം. ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കാൻ സൈനികനടപടിയും ഉപരോധവും അടക്കം കടുത്ത നടപടി യുഎസ് പരിഗണനയിലുണ്ടെന്ന് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ടുണ്ട്.


