Saturday, August 4, 2018

അനുരഞ്ജന പാതയിൽ ഇത്യോപ്യൻസഭ; പാത്രിയർക്കീസ് നാട്ടിൽ മടങ്ങിയെത്തി

NTV Photos  

അഡിസ് അബാബ: കാൽ നൂറ്റാണ്ടായി ഭിന്നിച്ചുനിന്ന ഇത്യോപ്യൻ ഓർത്തഡോക്സ് സഭയിൽ ഐക്യം പുനഃസ്ഥാപിച്ചതിനെത്തുടർന്ന് യുഎസിൽ പ്രവാസിയായി കഴിഞ്ഞ പാത്രിയർക്കീസ് ആബൂനാ മെർക്കോറിയോസ് (80) മടങ്ങിയെത്തി. പ്രധാനമന്ത്രി ഡോ. അബി അഹമ്മദിനോടൊപ്പം വിമാനത്താവളത്തിലെത്തിയ പാത്രിയർക്കീസിനെ ഔദ്യോഗികമായി സ്വീകരിച്ച് സഭാ ആസ്ഥാനമായ ഹോളി ട്രിനിറ്റി കത്തീഡ്രലിലേക്ക് ആനയിച്ചു. ആബൂനാ മത്ഥിയാസ് പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ അവിടെയും സ്വീകരണം നൽകി.
ആബൂനാ മത്ഥിയാസ്
ആബൂനാ മെർക്കോറിയോസ്

ഇനി ഒരു സഭയും ഒരു സുന്നഹദോസും മാത്രമായിരിക്കും. രണ്ടു പാത്രിയർക്കീസുമാരും തുല്യപദവിയിൽ സഭാ തലവന്മാരായിരിക്കും. ഭരണച്ചുമതല ആബൂനാ മത്ഥിയാസ് പാത്രിയർക്കീസ് നിർവഹിക്കും. ഇത്യോപ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴിൽ 1988ൽ പാത്രിയർക്കീസായി വാഴിക്കപ്പെടുകയും കമ്യൂണിസ്റ്റ് സർക്കാരിന്റെ തകർച്ചയെ തുടർന്ന്, അവരുമായി സഹകരിച്ചതിന്റെ പേരിൽ 1991ൽ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും യുഎസിൽ രാഷ്ട്രീയ അഭയം തേടുകയും ചെയ്യുകയുമായിരുന്നു ആബൂനാ മെർക്കോറിയോസ്.


ഔദ്യോഗിക വിഭാഗവും (അഡിസ് അബാബ സിനഡ്) രാജ്യത്തിനു പുറത്തുള്ള വിഭാഗവും (എക്സൈൽ സിനഡ്) തമ്മിൽ വാഷിങ്ടനിൽ നടന്ന അനുരഞ്ജന ചർച്ച വിജയിച്ചതിനെ തുടർന്ന് പരസ്പരമുടക്കുകൾ പിൻവലിച്ചു. ഈ ഭിന്നത ബന്ധപ്പെട്ട കക്ഷികൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തീർക്കാത്തപക്ഷം അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് സ്ഥിരമായിത്തീരുമെന്നു ബോധ്യമുണ്ടായിരുന്ന താൻ നേരത്തേതന്നെ അനുരഞ്ജനശ്രമം നടത്തിയിരുന്നെന്ന് ആബൂനാ മത്ഥിയാസ് പറഞ്ഞു.
ഒന്നാം നൂറ്റാണ്ടു മുതലുള്ള ചരിത്രം അവകാശപ്പെടുന്ന സഭ എഡി 330ൽ ഇത്യോപ്യയിലെ ഔദ്യോഗിക മതമായി. ഈജിപ്തിലെ കോപ്റ്റിക് സഭയുടെ ഭാഗമായിരുന്ന ഇത്യോപ്യൻ സഭ 1959ൽ സ്വതന്ത്രമാകുകയും 1994 ലെ കോപ്റ്റിക്–ഇത്യോപ്യൻ സഭാ ഉടമ്പടിയനുസരിച്ചു പരസ്പരബന്ധം നിലനിർത്തുകയും ചെയ്യുന്നു. ഇത്യോപ്യയിലെ ഏറ്റവും വലിയ മതവിഭാഗമാണ് ഓർത്തഡോക്സ് സഭ. ആകെയുള്ള പത്തു കോടിയോളം ജനങ്ങളിൽ 43% സഭാംഗങ്ങളാണ്. മലങ്കരസഭയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഓറിയന്റൽ ഓർത്തഡോക്സ് സഭയാണിത്.


 

Share: