കോട്ടയം: കലിതുള്ളി പെയ്തിറങ്ങിയ പെരുമഴയിൽ നട്ടംതിരിഞ്ഞ ഒരു ഹൈന്ദവ കുടുംബത്തിനു മേൽ കാരുണ്യമഴ ചൊരിഞ്ഞ് ഒരു കത്തോലിക്ക ദേവാലയം. പെരുമഴയ്ക്കും പ്രളയത്തിനും മീതെ സാഹോദര്യത്തിന്റെ നല്ല കാഴ്ചയൊരുക്കിയത് ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയാണ്. ഹൃദ്രോഗംമൂലം മരിച്ച ഗൃഹനാഥന്റെ മൃതദേഹം വയ്ക്കാൻ വെള്ളക്കെട്ടും മറ്റ് അസൗകര്യങ്ങളും തടസമായതോടെയാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബം വിഷമവൃത്തത്തിലായത്. പാറയ്ക്കൽ കടവിൽ വാടകയ്ക്കു താമസിക്കുന്ന തോട്ടുങ്കൽ കെ.ജി. രാജു(59)വിന്റെ മൃതദേഹം വയ്ക്കാനാണ് ഇടംകിട്ടാതിരുന്നത്. പാലക്കാട് സ്വദേശികളായ ഇദ്ദേഹവും കുടുംബവും കുറെക്കാലമായി മറിയപ്പള്ളി, കൊല്ലാട് എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പലയിടത്തും അന്വേഷിച്ചെങ്കിലും ഒരിടത്തും സൗകര്യം ലഭിച്ചില്ല. ഒടുവിൽ പനച്ചിക്കാട് പഞ്ചായത്ത് മെംബർ ആനി മാമൻ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിവേക് കളരിത്തറ എംസിബിഎസിനെ വിവരം അറിയിച്ചു. അദ്ദേഹം കൈക്കാരന്മാരുമായി ആലോചിച്ച ശേഷം ഈ കുടുംബത്തെ സഹായിക്കാൻ പള്ളി പരീഷ് ഹാളിനു മുന്നിൽ ഇടമൊരുക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ മൃതദേഹം വഹിച്ച ആംബുലൻസ് പള്ളിപ്പരിസരത്ത് എത്തിയപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും കുടുംബാംഗങ്ങളും കാത്തുനിന്നിരുന്നു. വൈകുന്നേരത്തോടെ മൃതദേഹം മുട്ടന്പലം വൈദ്യുതശ്മശാനത്തിൽ സംസ്കരിച്ചു.