ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ
തെരുവിലേക്കു വലിച്ചിഴയ്ക്കരുതെന്ന് സിബിസിഐ പ്രസിഡന്റ്
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. സ്വയംഭരണാധികാരമുള്ള
സഭ ആയതിനാൽ സീറോ മലബാർ സഭയിലെ പ്രശ്നങ്ങളിൽ സിബിസിഐ
ഇടപെടില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. സീറോ മലബാർ സഭാ
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആലഞ്ചേരിയോടൊപ്പം
ഉണ്ടാകുമെന്ന് അദ്ദേഹത്തെ നേരിൽ കണ്ടു പറഞ്ഞിട്ടുണ്ടെന്നും
ഡോ. ഓസ്വാൾഡ് പറഞ്ഞു.
സിബിസിഐയുടെ മുൻ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ്
ക്ലിമീസ് കാതോലിക്കാ ബാവയും കെസിബിസി പ്രസിഡന്റ്
ആർച്ച്ബിഷപ് ഡോ. സൂസ പാക്യവും കർദിനാൾ മാർ ആലഞ്ചേരിയെ
നേരിൽ കണ്ട് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ടെന്നും കർദിനാൾ
ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വിശദീകരിച്ചു.
രാജ്യത്തെ നിയമ സംവിധാനവും സഭാപരമായ കാര്യങ്ങളിൽ കാനൻ
നിയമവും ഉള്ളതിനാൽ ചർച്ച് ആക്ടോ മറ്റേതെങ്കിലും സർക്കാർ
നിയമമോ വേണമെന്ന നിർദേശങ്ങളോട് യോജിപ്പില്ലെന്ന്
സിബിസിഐ പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ, സഭയുടെയും സഭാ
സ്ഥാപനങ്ങളുടെയും ഭരണത്തിൽ കൂടുതൽ സുതാര്യത
ഉറപ്പാക്കണം.
സഭയിലെ ചിലരുടെ തെറ്റായ പ്രവണതകളെ സഹിക്കാനോ
അംഗീകരിക്കാനോ കഴിയില്ലെന്ന് സിബിസിഐ പ്രസിഡന്റ്
തറപ്പിച്ച് പറഞ്ഞു. ആഭ്യന്തര പ്രശ്നങ്ങൾ തെരുവിലേക്ക്
വലിച്ചിഴയ്ക്കരുത്. സഭയ്ക്കകത്തെ കാര്യങ്ങൾ വീട്ടിനുള്ളിൽ
പരിഹരിക്കണം. അതാണ് എല്ലാവർക്കും നല്ലത്. ഇന്ത്യൻ
നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. കാനൻ നിയമത്തിലും
അതാതു രാജ്യത്തെ നിയമങ്ങൾ അനുസരിക്കണമെന്ന്
വ്യക്തമാക്കിയിട്ടുണ്ടെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതിയിൽ മറിച്ചു പറഞ്ഞതായുള്ള
റിപ്പോർട്ടുകൾ കർദിനാൾ ആലഞ്ചേരിയുടെ മനസ് അല്ലെന്നും
വക്കീലിന് തെറ്റിയതാണെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി
ജനറൽ മോണ്‍. ജോസഫ് ചിന്നയ്യൻ കൂട്ടിച്ചേർത്തു.