കൊച്ചി: ഓഖി ദുരന്തത്തിന്റെ
കെടുതിയനുഭവിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ സമഗ്ര
പുനരധിവാസ പ്രവർത്തനങ്ങൾക്കു സീറോ
മലബാർ സഭ 4.95 കോടി രൂപയുടെ സഹായം
ലഭ്യമാക്കി.
വിവിധ രൂപതകളുടെയും സന്യാസ,
സമർപ്പിത സമൂഹങ്ങളുടെയും
സാമൂഹ്യസേവന വിഭാഗങ്ങളുടെയും
സഹകരണത്തോടെയാണു
വിഭവസമാഹരണം നടത്തിയത്.
ദുരന്ത പ്രദേശങ്ങളിൽ രണ്ടരക്കോടി
രൂപയുടെ അടിയന്തര സഹായവും
ദുരിതാശ്വാസ പ്രവർത്തനങ്ങളും നേരിട്ട്
എത്തിച്ചു. തുടർന്നു കെസിബിസിയുടെ
നേതൃത്വത്തിൽ നടപ്പാക്കുന്ന സുസ്ഥിര
പുനരധിവാസ പ്രവർത്തനങ്ങൾക്കായി
സീറോ മലബാർ സഭയിലെ വിവിധ രൂപതകളും
സന്യാസസമൂഹങ്ങളും 2.45 കോടി രൂപ
സമാഹരിച്ചു. ഇതു കെസിബിസി ജസ്റ്റീസ് പീസ്
ആൻഡ് ഡെവലപ്മെന്റ് കമ്മീഷനു കൈമാറി.
ഈ കമ്മീഷന്റെ നേതൃത്വത്തിലാണു
കേരളസഭയുടെ സമഗ്ര ഓഖി പുനരധിവാസ
പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട
ദുരന്ത ബാധിത പ്രദേശങ്ങളിൽ
ശാസ്ത്രീയമായി നടപ്പാക്കുന്നത്.
സീറോ മലബാർ സിനഡ് രൂപം നൽകിയ സീറോ
മലബാർ സോഷ്യൽ ഡെവലപ്മെന്റ് നെറ്റ്
വർക്കിന്റെ (സ്പന്ദൻ) നേതൃത്വത്തിലാണു
സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കുള്ള
വിഭവസമാഹരണവും പ്രവർത്തനങ്ങളും
ഏകോപിപ്പിക്കുന്നതെന്നു ചീഫ് കോ-
ഓർഡിനേറ്റർ ഫാ. മൈക്കിൾ
വെട്ടിക്കാട്ട് അറിയിച്ചു.