ന്യൂയോർക്ക്: കേരളത്തിൽ നടക്കുന്ന നേഴ്‌സിങ് സമരത്തെ അനുകൂലിച്ചു കൊണ്ട് താൻ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചു വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന് മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് പറഞ്ഞു. താൻ കത്തോലിക്ക സഭയ്ക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടു എന്ന തരത്തിൽ വരുന്ന വാർത്ത വസ്തുതകൾക്കു നിരക്കാത്തതാണ്. ഒരു സഭയെക്കുറിച്ചു ഒന്നുംതന്നെ തന്റെ ഫേസ്ബുക് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല. നേഴ്‌സിങ് സമരത്തെ അനുകൂലിക്കുമ്പോൾ അതു ഏതെങ്കിലും സഭയ്ക്ക് എതിരാകുന്നത് എങ്ങനെയാണ്. ഓർത്തഡോക്സ് സഭ ആശുപത്രികൾ നടത്തുന്നില്ലേ. എന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കുകയും വാർത്ത നൽകുകയും ചെയ്തതിൽ അതൃപ്തി ഉണ്ട്.