കോട്ടയം: ഡോ. വർഗീസ് പി പുന്നൂസ് കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു. നിലവിൽ മെഡിക്കൽ കോളേജിൻ്റെ വൈസ് പ്രിൻസിപ്പലും സൈക്യാട്രി വിഭാഗം മേധാവിയുമായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, മാനസികാരോഗ്യ രംഗത്തെ വിദഗ്ദ്ധനും ഗവേഷകനുമാണ്.
മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിലെ വാകത്താനം ജെറുസലേം മൗണ്ട് പള്ളി ഇടവകാംഗവും വാകത്താനം വളളിക്കാട്ട് പണിക്കശ്ശേരിൽ കുടുംബാംഗവുമായ ഡോ. വറുഗീസ് പി പുന്നൂസ് കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന് എംഡി (സൈക്യാട്രി) ബിരുദവും നേടി. 1997 മുതൽ കേരള സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ സേവനത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം തൃശൂർ, ആലപ്പുഴ, കോട്ടയം എന്നീ സർക്കാർ മെഡിക്കൽ കോളജുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ സൈക്യാട്രി സെക്രട്ടറി ജനറൽ, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ SAARC സബ്കമ്മിറ്റി കൺവീനർ, നാഷണൽ അലയൻസ് ഓഫ് മെൻ്റൽ ഹെൽത്ത് ഇന്ത്യ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന മെൻ്റൽ ഹെൽത്ത് അതോറിറ്റി മെമ്പർ, കേരള ആരോഗ്യ സർവകലാശാല പിജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നു.
മാനസികാരോഗ്യം സംബന്ധിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. വറുഗീസ് പുന്നൂസിന് വേൾഡ് സൈക്യാട്രിക് അസോസിയേഷൻ യുവ മനോരോഗ വിദഗ്ധർക്കുള്ള ഫെലോഷിപ്പ്, യൂണിവേഴ്സിറ്റി ഫാക്കൽറ്റിക്കുള്ള കാതോലിക്കേറ്റ് അവാർഡ്, പ്രൊഫ ജെ എസ് സത്യദാസ് ഓറേഷൻ അവാർഡ്, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ മർഫേഷ്യ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
അന്തർദേശീയവും ദേശീയവുമായ ജേണലുകളിൽ മുപ്പതോളം പ്രസിദ്ധീകരണങ്ങൾ അദേഹത്തിൻ്റേതായിട്ടുണ്ട്
ആത്മഹത്യാ പ്രതിരോധം സംബന്ധിച്ച പുസ്തകത്തിൻ്റെ സഹ-രചയിതാവായ അദ്ദേഹം IPS അണ്ടർഗ്രാജുവേറ്റ് ടെക്സ്റ്റ്ബുക്ക് ഓഫ് സൈക്യാട്രി ഹാൻഡ് ബുക്കിൽ സൈക്കോഫാർമക്കോളജിയെക്കുറിച്ചുള്ള അധ്യായം, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പബ്ലിക്കേഷനിൽ Intellectual Disability Across Cultures എന്ന അദ്ധ്യായം എന്നിവ അദ്ദേഹം സംഭാവന ചെയ്തു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “മനോരോഗങ്ങൾ” മനോരമ പബ്ലിക്കേഷൻസിൻ്റെ “മാനസികരോഗങ്ങളും പുനരാധിവാസവും”, “യോഗയും മാനസികാരോഗ്യവും” എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഡോ. വർഗീസ് പി പുന്നൂസിന്റെ നിയമനം ഗവൺമെൻറ് മെഡിക്കൽ കോളേജ് കോട്ടയത്തിന്റെ മാനസികാരോഗ്യ വിഭാഗത്തിന്റെ വികസനത്തിന് ഏറെ ഗുണം ചെയ്യും എന്നുള്ളതിൽ സംശയമില്ല.