Sunday, June 11, 2023

19 വയസിൽ PhD നേടി മലയാളി ലോക റെക്കോർഡ് സൃഷ്ടിക്കുന്നു

 

കാലിഫോർണിയ : ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പി എച് ഡി ക്കാരിൽ ഒരാളാവാൻ മലയാളി. 19 വയസ് മാത്രം പ്രായമുള്ള തനിഷ്‌ക് മാത്യു എബ്രഹാം ജൂൺ 15 ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നു ഡോക്ടറേറ്റ് ഏറ്റു  വാങ്ങും. 


യൂണിവേഴ്സിറ്റിയുടെ ഡേവിസ് വൈസ് പ്രൊവോസ്റ്റും ഡീനുമായ ജീൻ-പിയറി ഡെൽപ്ലാങ്ക് പറഞ്ഞു: "അസാമാന്യ നേട്ടമാണിത്. ഡോക്ടറൽ ബിരുദം തന്നെ അസാമാന്യ നേട്ടമാണ്. ഏബ്രഹാമിന്റെ കാര്യത്തിൽ ഇത്ര ഇളം പ്രായത്തിൽ ഈ നേട്ടമുണ്ടാക്കിയത് അവിശ്വസനീയമായി തോന്നുന്നു." 


ബയോമെഡിക്കൽ എഞ്ചിനിയറിങ്ങിൽ ഡോക്ടറേറ്റ് നേടുന്ന ഏബ്രഹാം മേയിൽ പറഞ്ഞു. "നാലു വർഷവും 8 മാസവും കഴിഞ്ഞു. അങ്ങിനെ ഞാൻ ഡോക്ടർ തനിഷ്‌ക്ക് മാത്യു ഏബ്രഹമായി. എന്റെ പ്രായം 19 വയസ്സ്. എന്റെ പി എച് ഡി വരുന്നു എന്നറിയിക്കാൻ വലിയ ആവേശമുണ്ട്." 


പി എച് ഡി നേടിയ കൗമാരക്കാരന്റെ അമ്മൂമ്മ ഡോക്ടർ തങ്കം മാത്യു (90 വയസ്സ്) ബിരുദദാന ചടങ്ങിൽ പങ്കെടുക്കുമ്പോൾ കൂട്ടായി ഏബ്രഹാമിന്റെ 17 വയസുള്ള സഹോദരി റ്റിയാറയും ഉണ്ടാവും. 1960 കളിൽ ആദ്യമായി പി എച് ഡി എടുത്ത ഇന്ത്യൻ വനിതാ മൃഗ ഡോക്ടറായിരുന്നു തങ്കം മാത്യു. 


പത്തു വയസിൽ ഹൈസ്കൂൾ പൂർത്തിയാക്കിയ ഏബ്രഹാം 14 വയസിൽ യു സി ഡേവിസിൽ നിന്നു എൻജിനിയറിങ് ബിരുദം എടുത്തിരുന്നു. അമ്മൂമ്മയെ പോലെ തനിക്ക് ആവേശം പകർന്ന അപ്പൂപ്പൻ ഡോക്ടർ സക്കറിയ മാത്യുവിനേയും ഏബ്രഹാം ഓർമിക്കുന്നു. ലോകം എ ഐ വിപ്ലവത്തിലാണെന്നും അതിന്റെ ഭാഗമായി തുടരാൻ  ആഗ്രഹിക്കുന്നുവെന്നും ഏബ്രഹാം പറയുന്നു.  


സാക്രമെന്റോയിൽ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ച ഏബ്രഹാം രണ്ടു വയസ് മുതൽ പഠനത്തിൽ ഏറെ താല്പര്യം കാട്ടിയെന്ന് സോഫ്റ്റ്‌വെയർ എൻജിനിയറായ പിതാവ് ബിജോയ് ഏബ്രഹാമും അമ്മ ഡോക്ടർ താജി ഏബ്രഹാമും പറയുന്നു. അവർ നൽകിയ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്കു സഹായിച്ചതെന്ന് ഏബ്രഹാം ഓർമിക്കുന്നു. സ്വന്തമായ നിലയ്ക്കു നേട്ടങ്ങൾ കൈവരിക്കുന്ന സഹോദരിയുടെ പങ്കും വലുതായിരുന്നു.



ബിജുവിന്റെ പിതാവ് ശ്രീ വി പി ഏബ്രഹാം അയിരൂർ വടക്കേടത്ത് കുടുംബാംഗവും അമ്മ വടശേരിക്കര ചെറുകാട്ടു കുടുംബാംഗവുമാണ്. 1978 ൽ യുഎസിൽ എത്തിയ ബിജു ബ്രോങ്ക്സ്-യോങ്കേഴ്‌സിലാണ് വളർന്നത്. താജി ഏബ്രഹാമിന്റെ പിതാവ് ഡോക്ടർ സക്കറിയാ മാത്യു കുന്നംകുളം ചെറുവത്തൂർ കൊട്ടിലിൽ കുടുംബത്തിൽ നിന്നാണ്. അമ്മ തങ്കം മാത്യുവിന്റെ തറവാട് തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള പുതുക്കാടാണ്.

Share: