കരിന്പൻ: ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാനായി മാർ ജോണ്‍ നെല്ലിക്കുന്നേൽ ഇന്ന് അഭിഷിക്തനാകുന്നതോടെ ഇടുക്കി രൂപതയുടെ ചരിത്രത്തിൽ പുതിയൊരധ്യായം വിരചിക്കപ്പെടും. ഒന്നര ദശാബ്ദക്കാലം ഇടുക്കി രൂപതയുടെ നിറസാന്നിധ്യമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പടിയിറങ്ങുന്പോൾ ഇടുക്കിയിലെ ജനങ്ങളുടെ സർവതോൻമുഖമായ നേട്ടങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളുമായിട്ടായിരിക്കും പുതിയ ഇടയൻ പടികയറുന്നത്.
ഇതിനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. ഒരാഴ്ച നീണ്ടുനിന്ന ധ്യാനം കൊടൈക്കനാലിനടുത്തുള്ള ഷെംപഗന്നൂരിലെ ഈശോസഭാ വൈദികരുടെ ധ്യാനമന്ദിരത്തിലും മൂന്നുദിവസത്തെ ഏകാന്തപ്രാർഥന വാഗമണ്ണിലുള്ള മൗണ്ട് നെബോ ധ്യാനകേന്ദ്രത്തിലും നടത്തി ഇതിനായി ഒരുങ്ങുകയായിരുന്നു.
ഏറ്റവും അടുത്ത ഒരുക്കം എന്നനിലയിൽ ഇന്നലെ വൈകുന്നേരം വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ നടത്തിയ സായാഹ്നപ്രാർഥനയിലും തുടർന്നുള്ള ആരാധനയിലും പങ്കുചേർന്നു. ഇതിൽ രൂപതാകുടുംബം മുഴുവനും പ്രാതിനിധ്യസ്വഭാവത്തോടെ പങ്കുചേർന്നു.
സ്ഥാനമൊഴിയുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, മെത്രാഭിഷേക കമ്മിറ്റിയിലെ അംഗങ്ങൾ, സന്യാസിനികൾ, വൈദികർ, കത്തീഡ്രൽ ഇടവകാംഗങ്ങൾ എന്നിവർ മെത്രാഭിഷേക ചടങ്ങുകളുടെ വിജയത്തിനായി പുതിയ ഇടയനോടുചേർന്ന് പ്രാർഥിച്ചു.
ഇന്നത്തെ പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കണ്‍വീനർ മോണ്‍. ജോസ് പ്ലാച്ചിക്കൽ അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കുമുള്ള ഇരിപ്പിട സജ്ജീകരണങ്ങൾ പൂർത്തിയായി. എല്ലാ ചെറുവാഹനങ്ങൾക്കും വേദിയോടടുത്ത സ്ഥലത്തുതന്നെ പാർക്കുചെയ്യാനുള്ള സൗകര്യമുണ്ട്. ബസുകൾക്കു പാർക്കുചെയ്യാനും വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യപൂർവമായ ഈ സംഭവത്തിനു നേരിട്ടു സാക്ഷികളാകുന്നവരെ സ്വീകരിക്കാൻ തയാറായി കാത്തിരിക്കുകയാണ് കത്തീഡ്രൽ ദേവാലയവും പരിസരവും.