News on Resignation are Fake:
Malankara Orthodox Church Trustees
Statement of Mr. George Paul, LayTrustee
There are many rumours floating around. Today I had several calls from different quarters about a rumour that I am resigning. In fact I have been elected by the respectful devout members of our beloved Church to strengthen
the administration of the Church and HH Bava Thirumeni. I have been doing it with utmost sincerity and honesty to the best of my ability. Due to a fall I had some time ago, I had an injury to my leg. As a result of that I was not able to attend a few of the Church functions. I am recovering pretty fast and by the grace of God I will complete my term as LayTrustee to the best of my ability. Rumour mongers certainly have a hidden agenda, not in the best interest of the Church, but that remains wishful thinking.
Infact, I’m in Tvm to attend a function at the invitation of Gabriel Gregorious Thirumeni.
With prayerful regards
George Paul ( LayTrustee)
ശ്രീ. ജോർജ്ജ് പോളിന്‍റെ പ്രസ്താവന
പ്രിയപ്പെട്ട സഹോദരങ്ങളെ.
അൽമായ ട്രസ്റ്റി സ്ഥാനം ഞാൻ രാജിവയ്ക്കാൻ പോകുന്നു എന്ന് ചിലർ പറഞ്ഞുപരത്തുന്നതായിട്ടറിയുന്നു. അടിസ്ഥാനരഹിതമായ കെട്ടുകഥയാണ് അത്തരം വാർത്തകൾ. പ. പിതാവുമായും മറ്റു ഔദ്യോഗിക സമിതികളുമായും കലഹത്തിലാണെന്നും ചിലർ പറയുന്നു. ഇവയെല്ലാം നന്മയില്ലാത്ത ചിലരുടെ തന്ത്രങ്ങളുടെ ഭാഗമാണ്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ മാത്രമാണ്. സഭയിലെ പുരോഹിത ശ്രേഷ്ഠരും സഭാംഗങ്ങളും അൽമായ ട്രസ്റ്റിയായി തെരെഞെടുത്ത ഞാൻ പ. കത്തോലിക്ക ബാവയോടും പ. സുന്നഹദോസ് അംഗങ്ങളോടും മറ്റു ഔദ്യോഗിക സ്ഥാനികളോടും സമിതികളോടും ചേർന്നു 5 വർഷം പ്രവർത്തിക്കും.
സസ്നേഹം.
നിങ്ങളുടെ എളിയ സഹോദരൻ
ജോർജ് പോൾ (അൽമായ ട്രസ്റ്റി. മലങ്കര ഓർത്തഡോക്സ് സഭ)
Statement of Rev. Fr. M O John, Priest Trustee
വൈദിക ട്രസ്റ്റി സ്ഥാനത്തു നിന്ന് ഫാ.ഡോ.എം.ഒ ജോൺ രാജി വെയ്ക്കുന്നു എന്ന് സൂസൻ തോമസ് എന്ന പേരിൽ ഒരു വ്യാജ ഫെയ്സ് ബുക്ക് പേജിലും വാട്സ് ആപ്പിലും കാണുവാനിടയായി.
ഞാൻ, എം.ഒ.ജോണച്ചൻ വൈദിക ട്രസ്റ്റി സ്ഥാനത്തു നിന്നും രാജിവെയ്ക്കുന്ന കാര്യം സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. എനിക്കെതിരെ പിതൃത്വമില്ലാത്ത ഇതു പോലെയുള്ള അനേക വ്യാജ വാറോലകളും പ്രസ്താവനകളും പേരറിയാവുന്ന ചില ആളുകളുടെ പിന്തുണയോടു കൂടി ഇറക്കിയിട്ടും വ്യാജ പ്രചരണങ്ങൾ നടത്തിയിട്ടും 2017 മാർച്ച് ഒന്നാം തീയതി കൂടിയ മലങ്കര അസോസിയേഷൻ ചരിത്രത്തിൽ മറ്റൊരു വൈദിക ട്രസ്റ്റിക്കും നൽകിയിട്ടില്ലാത്ത വൻ ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ചത് ഇതുപോലെയുള്ള ഉമ്മാക്കി കാട്ടി പേടിപ്പിക്കുമ്പോൾ രാജി വെയ്ക്കാനല്ല. അങ്ങനെയാരും സ്വപ്നം കാണണ്ട. മലങ്കര സഭയുടെ ഇപ്പോഴത്തെ വൈദിക ട്രസ്റ്റി കാലാവധി പൂർത്തിയാക്കിയിട്ടേ സ്ഥാനം ഒഴിയുകയുള്ളു. പ.സഭ എന്നെ വിശ്വാസ പൂർവ്വം ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുന്നുവെന്ന് എനിക്ക് പൂർണ്ണ ബോധ്യം ഉണ്ട്.
കഴിഞ്ഞ ജൂലൈ മൂന്നാം തീയതി ഉണ്ടായ സുപ്രീം കോടതി വിധി സംബന്ധിച്ച് എനിക്ക് ശരിയായ ബോധ്യം ഉണ്ട്. അതു മുഴുവൻ ഞാൻ വിശദമായി വായിച്ച് പഠിച്ചിട്ടുമുണ്ട്. മലങ്കര സഭ എങ്ങനെ മുമ്പോട്ട് പോകണമെന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുമുണ്ട്. അത് ആരുടെയടുത്തു നിന്നും ഇരവു വാങ്ങിയതല്ല. എന്റെ പഠനം കൊണ്ടും പ്രവർത്തനം കൊണ്ടും പരിചയം കൊണ്ടും നേടിയെടുത്തതാണ്. ഇതിന്റെ പേരിൽ ആരുടെയെങ്കിലും കാലുതിരുമാനും ആരുടെയെങ്കിലും നിലപാട് ഏറ്റുപറയാനും അതിന് ഏലാ ഇടാനും ഞാൻ തയ്യാറുമല്ല. ഇപ്പോഴത്തെ സുപ്രീം കോടതി വിധി എങ്ങനെ നടപ്പാക്കണമെന്നതിനെ സംബന്ധിച്ച് മലങ്കര സഭ ഔദ്യോഗികമായി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്നതാണ് വസ്തുത.
അങ്ങനെ തീരുമാനമെടുക്കേണ്ടത് സഭാ ഭരണഘടന അനുസരിച്ച് പ. എപ്പിസ്കോപ്പൽ സുന്നഹദോസിലും, വർക്കിംഗ് കമ്മിറ്റിയിലും, മാനേജിംഗ് കമ്മിറ്റിയിലും ആലോചിച്ചാണ്. കഴിഞ്ഞ തവണ മാനേജിംഗ് കമ്മിറ്റി കൂടി കുറേ കാര്യങ്ങൾ ചർച്ച ചെയ്തതല്ലാതെ വ്യക്തമായ ഒരു തീരുമാനമെടുക്കുകയോ മിനിറ്റ് സിൽ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മലങ്കര മെത്രാപ്പോലീത്താ അതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കണമെങ്കിൽ അതു ചെയ്യേണ്ടത് ഇതുവരെയുള്ള കീഴ് വഴക്കമനുസരിച്ച് അദ്ദേഹത്തിന്റെ ആലോചനാ സമിതിയിലും വർക്കിംഗ് കമ്മിറ്റിയിലും ആലോചിച്ചു വേണം. അങ്ങനെയൊരു ആലോചനയും തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. സഭയുടെ ലീഗൽ സെൽ കൂടിയാണ് ഇതു സംബന്ധിച്ച് നിയമോപദേശവും നിർദ്ദേശങ്ങളും നൽകേണ്ടത്. നാളിതുവരെ ലീഗൽ സെൽ വിളിച്ചുകൂട്ടുവാൻ സാധിച്ചിട്ടില്ല. ലീഗൽ സെൽ പുനസംഘടിപ്പിക്കണമെന്ന് പല തവണ വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചതാണ്. തീരുമാനമുണ്ടായതല്ലാതെ നടപടി ഉണ്ടായില്ല. സഭയുടെ മുമ്പോട്ടുള്ള നിലപാട് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കാൻ വർക്കിംഗ് കമ്മിറ്റിയുടെയും പ.സുന്നഹദോസിന്റെയും ഒരു സംയുക്ത യോഗം കൂടണമെന്ന് പലതവണ ഞാൻ തന്നെ വർക്കിംഗ് കമ്മിറ്റിയിൽ പറഞ്ഞതാണ്. ഇതു വരെ നടന്നില്ല. ഏന്തായാലും ഫെബ്രുവരിയിൽ കൂട്ടുന്ന സുന്നഹദോസിന്റെ അജണ്ടായിൽ ഈ വിഷയം ഉൾപ്പെടുത്താൻ സുന്നഹദോസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട് എന്നാണറിയുവാൻ കഴിയുന്നത്.
പ. അന്ത്യോഖ്യാ പാത്രിയർക്കീസുമായുള്ള ബന്ധം സംബന്ധിച്ചും കോടതി വിധി സംബന്ധിച്ചുമൊക്കെ ഇപ്പോഴത്തെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സമിതികൾ കൂടി വേണ്ട ആലോചനകൾ നടത്തി വ്യക്തമായ തീരുമാനങ്ങൾ എടുത്ത് മുമ്പോട്ടു പോകണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. അതിന് പ.ബാവാ തിരുമേനിയും പ.സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും സഭാ സ്ഥാനികളും സ്വാർത്ഥതയും നിക്ഷിപ്ത താൽപര്യങ്ങളും വെടിഞ്ഞ് കൂട്ടായി ആലോചിച്ച് പ്രാർത്ഥനയോടെ പ്രവർത്തിക്കണം. ഒന്നിച്ച് ആലോചിച്ച് കൂട്ടായ തീരുമാനമെടുത്ത് ഐക്യത്തോടെ പ്രവർത്തിക്കുവാൻ വേണ്ടിയാണ് മലങ്കര അസോസിയേഷൻ യോഗം കൂടി മെത്രാപ്പോലീത്തൻ ട്രസ്റ്റിയെയും വൈദിക ട്രസ്റ്റിയെയും അത്മായ ട്രസ്റ്റിയെയും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഞാൻ പറയാതെ തന്നെ ബന്ധപ്പെട്ടവർക്കൊക്കെ അറിയാം. ഇപ്പോഴത്തെ ഈ മൂന്നു സ്ഥാനികളും ഒരുമിച്ച് തന്നെ പ്രവർത്തിക്കും. അവരെ ഭിന്നിപ്പിച്ച് അതിൽ നിന്ന് മുതലെടുക്കാമെന്ന് ആരും വ്യാമോഹിക്കുകയും വേണ്ട.
ഇതിനിടെ ഓരോരുത്തരുടെ മനോധർമ്മം അനുസരിച്ച് വ്യാജ പേരുകളിൽ അല്ലെങ്കിൽ സൂസൻ തോമസിനെപ്പോലെ പിതൃത്വമില്ലാത്ത വാറോലകൾ ചമച്ചു പ്രചരിപ്പിക്കുകയല്ല വേണ്ടത്.
പ. പാത്രിയർക്കീസ് ബാവായുമായും, പ.കാതോലിക്കാ ബാവായുമായും, ശ്രേഷ്ഠ ബാവായുമായും, മലങ്കര സഭയിലെ എല്ലാ തിരുമേനിമാരുമായും, പാത്രിയർക്കീസ് വിഭാഗത്തിലെ പല തിരുമേനിമാരുമായും, അഭിവന്ദ്യ പൗവ്വത്തിൽ പിതാവുമായും, പെരുന്തോട്ടം പിതാവുമായും, ആലഞ്ചേരി പിതാവുമായും, കർദ്ദിനാൾ ക്ലിമ്മീസ് തിരുമേനിയുമായും, യൂലിയോസ് തിരുമേനിയും, ബർന്നബാസ് തിരുമേനിയും, മക്കാറിയോസ് തിരുമേനിയും, വലിയ മെത്രാപ്പോലീത്തായും ഉൾപ്പെടെയുള്ള മാർത്തോമ്മാ സഭയിലെ മെത്രാപ്പോലീത്താമാരു മായും, സി.എസ്.ഐ യിലെ മിക്കവാറും എല്ലാ തിരുമേനിമാരുമായും, മുഖ്യമന്ത്രി പിണറായി വിജയനുമായും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും, പ്രതിപക്ഷ നേതാവുമായും, തിരുവഞ്ചൂർ രാധാകൃഷ്ണനുമായും, സുരേഷ് കുറുപ്പുമായും, അഡ്വ. ശിവദാസൻ നായരുമായും നല്ല ബന്ധം പുലർത്തുന്ന ആളാണ് ഞാൻ. അവരുമായുള്ള ബന്ധത്തിന്റെ മാനദണ്ഡമളക്കാൻ എനിക്കാരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്‍റെ അപ്പനപ്പൂപ്പൻമാർ മുതൽ ഓർത്തഡോക്സ് വിശ്വാസത്തിൽ അടിയുറച്ച് നിന്നിട്ടുള്ള തുമ്പമൺ സെന്റ് മേരീസ് കത്തീഡ്രൽ ഇടവകാംഗമാണ് ഞാൻ. മലങ്കര സഭയുടെ സണ്ടേസ്ക്കൂളിൽ പത്താം ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കാതോലിക്കാ സിംഹാസന ചരിത്രം ഞാനെഴുതിയതാണ്. ദിവ്യബോധനത്തിന്‍റെ ഡിഗ്രി തല സഭാചരിത്ര പുസ്തകമായ യെറുശലേമിൽ നിന്ന് എന്ന പുസ്തകം എഴുതിയതും ഞാൻ തന്നെ. ഓർത്തഡോക്സ് സെമിനാരിയിലും, പ്രൊട്ടസ്റ്റന്‍റ് സെമിനാരിയിലും കത്തോലിക്കാ സെമിനാരിയിലും ഞാൻ പഠിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യയിലെ തന്നെ പ്രശസ്തമായ എ ക്യുമെനിക്കൽ തിയോളജിക്കൽ കോളജായ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളജിലെ അദ്ധ്യാപകനുമാണ്. മലങ്കരസഭയുടെ വൈദിക ട്രസ്റ്റിയായി ശോഭിക്കാൻ ഇത്രയുമൊക്കെ പഠനവും, പരിചയവും മതിയെന്നാണെന്‍റെ ഉത്തമ ബോധ്യം. എനിക്ക് ബോധ്യമുള്ള കാര്യങ്ങൾ ഏതു സമിതിയിലും വ്യക്തമായി പറയാനും പരസ്യമായി പ്രസംഗിക്കാനും നിലപാടുകൾ എടുത്ത് അതിൽ ഉറച്ചു നിൽക്കാനുമുള്ള ആത്മ ധൈര്യവും തന്‍റേടവും എന്‍റെ പിതാക്കന്മാരിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും ഞാൻ ആർജ്ജിച്ചെടുത്തിട്ടുണ്ട്.
ഇലക്ഷൻ സമയത്ത് എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർ ഇന്ന് ഞാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാൽ "പോയി വേറെ പണി നോക്കെടാ " എന്നു പറയാനും എനിക്ക് മടിയില്ല.
ഫാ.ഡോ.എം.ഒ.ജോൺ
വൈദിക ട്രസ്റ്റി