Bishop Maxwell Nerona Passed Away
മുന്‍ കോഴിക്കോട് രൂപത ബിഷപ് ഡോ.മാക്സ്വെല്‍ നെറോണ അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് രൂപത മുന്‍ രൂപതാ അധ്യക്ഷന്‍ ബിഷപ് ഡോ. മാക്സ്വെല്‍ വാലെന്റെന്‍ നൊറോണ(93) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 11.20നായിരുന്നു അന്ത്യം. കബറടക്കം 30ന് ഉച്ചകഴിഞ്ഞു 3.30ന് ദേവമാതാ കത്തീഡ്രലില്‍. രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ഡോ. മാക്സ്വെല്‍ നൊറോണ.
കോഴിക്കോട് രൂപതയുടെ നാലാമത്തെ ഇടയനായിരുന്നു ബിഷപ് മാക്‌സ്വെല്‍. 1924 ഫെബ്രുവരി പതിനാലിന് വടകരയിലെ നൊറോണ കുടുംബത്തില്‍ ആംബ്രോസ്-ജെസ്സി ദമ്പതികളുടെ മകനായിട്ടായിരുന്നു ജനനം. വടകര, അഴിയൂര്‍, പയ്യോളി, മാഹി എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. മംഗലാപുരം സെന്റ് അലോഷ്യസ് കോളെജില്‍ നിന്ന് ബി.എ. ബിരുദം നേടി. മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. 1952ല്‍ വൈദിക പട്ടം ലഭിച്ചു. 1957 മുതല്‍ ’62 വരെ റോമില്‍ ഉപരിപഠനം.
തലശ്ശേരി സെയിന്റ് ജോസഫ്സ് സ്‌കൂളില്‍ അധ്യാപകനും വയനാട് ചുണ്ടേലില്‍ റോമന്‍ കാത്തലിക് ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകനുമായിരുന്നു. 1979 മുതല്‍ ’80 വരെ കോഴിക്കോട് രൂപതാ വികാരി ജനറലായിരുന്നു. 1980 മുതല്‍ 2002 വരെ കോഴിക്കോട് രൂപതയുടെ മെത്രാന്‍ പദവി അലങ്കരിച്ചു. 2002ല്‍ വിരമിച്ചു. മേരിക്കുന്ന് ശാലോം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സഹോദരങ്ങള്‍: ലിയോ ലാഡിസ്ലോ, ഹാര്‍ട്ട്വെല്‍ ജെറോം, ജോണ്‍ നെറോണ, ലോയിസ്. ശവസംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 3.30ന് കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍.