Thursday, November 6, 2025

ബൽത്തങ്ങാടി രൂപത ബിഷപ്പായി മാർ ജയിംസ് പട്ടേരിൽ അഭിഷിക്തനായി

 

ബൽത്തങ്ങാടി (കർണാടക) ബൽത്തങ്ങാടി രൂപതയുടെ രണ്ടാമത് ബിഷപ്പായി മാർ ജയിംസ് പട്ടേരിൽ സ്ഥാനമേറ്റു. ബൽത്തങ്ങാടി സെന്റ് ലോറൻസ് കത്തീഡ്രലിൽ കുർബാനയ്ക്കു ശേഷം അഭിഷേകച്ചടങ്ങുകൾ നടന്നു. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിച്ചു. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, സ്ഥാനമൊഴിഞ്ഞ ബൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴി, സിബിസിഐ പ്രസിഡന്റ്റ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ സഹകാർമികരായിരുന്നു.


എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്തുനിന്ന് 1960കളിൽ ബൽത്തങ്ങാടി താലൂക്കിലെ കളഞ്ചയിലേക്ക് കുടിയേറിയതാണ് പട്ടേരിലിന്റെ കുടുംബം. പരേതരായ ഏബ്രഹാം-റോസമ്മ ദമ്പതികളുടെ ഏഴുമക്കളിൽ ആറാമനാണ് മാർ ജയിംസ് പട്ടേരിൽ.


ബൽത്തങ്ങാടിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കുറവിലങ്ങാട്, ബെംഗളൂരു, ജർമനി എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി. 1997 മുതൽ 2025 വരെ ജർമനിയിലായിരുന്നു. വൂൾവ്സ്ബർഗ് പ്രൊവിൻസിന്റെ പ്രൊക്യുറേറ്റർ ആയിരിക്കെയാണ് ബിഷപ്പായി നിയമിക്കപ്പെട്ടത്.


1999 ലാണ് ബൽത്തങ്ങാടി രൂപത സ്‌ഥാപിതമായത്. മാർ ലോറൻസ് മുക്കുഴിയായിരുന്നു ആദ്യത്തെ മെത്രാൻ. മാർ ലോറൻസ് മുക്കുഴിയുടെ സ്‌ഥാനാരോഹണവും രൂപതയുടെ ഔപചാരിക ഉദ്ഘാടനവും 1999 ഓഗസ്റ്റ് നാലിനായിരുന്നു. അതുവരെ തലശ്ശേരി രൂപതയുടെ മിഷൻ പ്രവിശ്യയായിരുന്നു ബൽത്തങ്ങാടി.



Share: