Friday, September 19, 2025

വനിതകൾക്ക് ഡീക്കൻ പട്ടം നൽകി സിഎസ്ഐ മലബാർ മഹായിടവക ചരിത്രത്തിലേക്ക്

 



കോഴിക്കോട്: സിഎസ്ഐ സഭ മലബാർ മഹായിടവകയുടെ രണ്ടു നൂറ്റാണ്ടോളം നീണ്ട ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതകൾക്ക് വൈദികരാകുന്നതിനു മുന്നോടിയായുള്ള ഡീക്കൻ പട്ടം നൽകി. കോഴിക്കോട് മാനാഞ്ചിറ സിഎസ്ഐ കത്തീഡ്രൽ പള്ളിയിൽ നവവൈദികരുടെ ഡീക്കൻ പട്ട സ്വീകരണ ശുശ്രൂഷകൾ നടന്നു.




പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾ ഉൾക്കൊള്ളുന്ന സിഎസ്ഐ മലബാർ മഹാഇടവകയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ വൈദികരാകുന്നത്. പത്തനംതിട്ട റാന്നി സ്വദേശിയും ദൈവശാസ്ത്ര അധ്യാപികയുമായ ഡോ. സജു മേരി എബ്രഹാം, വയനാട് മേപ്പാടി നെടുങ്കരണ സ്വദേശി നിംഷി ഡേവിഡ് എന്നിവരാണ് പൗരോഹിത്യത്തിന്റെ ആദ്യ പടിയായ ഡീക്കൻ പട്ടം സ്വീകരിച്ചത്. മലബാർ മഹായിടവക ബിഷപ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടറുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

സിഎസ്ഐ പാസ്‌റ്ററൽ, മിനിസ്റ്റ‌ിരീയൽ, എക്സിക്യുട്ടീവ് കമ്മിറ്റികളുടെ അംഗീകാരത്തോടെയാണ് നിയമനം. ഒരുവർഷം ഡീക്കൻ പദവിയിൽ തുടർന്നാൽ വൈദികരായി നിയമനം നൽകും. കേരളത്തിലെ ആറ് മഹായിടവകകളിൽ ഇതുവരെ നാലു വനിതകളാണ് പൗരോഹിത്യം നേടിയത്. ഇതിൽ ദക്ഷിണകേരള മഹായിടവകയിലെ വൈദിക വിരമിച്ചു. കൊച്ചി മഹായിടവകയിൽ നിലവിൽ മൂന്നു പേരുണ്ട്. ഇവർക്കൊപ്പമാണ് ചരിത്രത്തിലാദ്യമായി മലബാർ മഹായിടവകയിൽ നിന്നുള്ള രണ്ടുപേർ കൂടി വൈദികവൃത്തിയിലേക്ക് എത്തുന്നത്.

തിരുവനന്തപുരം കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപികയാണ് സജുമേരി അബ്രഹാം(52). ഫിസിക്സിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദവുമുണ്ട്. ഗവേഷണം പൂർത്തിയാക്കിയശേഷം സേലം ബഥേൽ ബൈബിൾ ഇൻസ്‌റ്റിറ്റ്യൂട്ടിലും അലഹാബാദ് ബിബ്ലിക്കൽ സ്‌റ്റഡീസ് സെമിനാരിയിലും അധ്യാപികയായിരുന്നു. വൈദികൻ റവ. റെജി ജോർജ് വർഗീസാണ് ഭർത്താവ്. ജോവൻ മേരി ജോർജ്, ജോവാഷ് വർഗീസ് ജോർജ് എന്നിവരാണ് മക്കൾ.

മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ഫിലോസഫിയിൽ ബിരുദം നേടിയയാളാണ് നിംഷി ഡേവിഡ് (25). ചെന്നൈ ഗുരുകുൽ ലൂഥറൻ തിയോളജിക്കൽ കോളജിൽനിന്ന് ദൈവശാസ്ത്രത്തിലും ബിരുദം നേടി. നെടുങ്കരണ സെന്റ് പോൾസ് സിഎസ്ഐ പള്ളി വികാരി ഡേവിഡ് സ്റ്റീഫന്റെയും അന്നകലയുടെയും മകളാണ്.



Share: