Saturday, April 27, 2019

എടത്വ പള്ളി പെരുന്നാളിന് കൊടികയറി.


എടത്വ: എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടികയറി. ഇന്ന് രാവിലെ ആറിന് ഉള്ള മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവക്ക് ശേഷം 7.30 ന് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഫൊറോനാ പള്ളി വികാരി ഫാ. മാത്യു ചൂരവടി കൊടി ആശീര്‍വ്വദിച്ച് ഉയര്‍ത്തി. അസിസ്റ്റന്റ് വികാരിമാരായ ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുര, ഫാ. തോമസ് വെള്ളാനിക്കല്‍, ഫാ. ഡൊമിനിക്ക് കൊച്ചുമലയില്‍, ഫാ. ജോര്‍ജ്ജ് തൈച്ചേരില്‍, ഫാ. ആന്റണി തേവാരി, ഫാ. ജോസഫ് ചെമ്പിലകം, ഫാ. സെബാസ്റ്റ്യന്‍ കണ്ണാടിപ്പാറ, ഫാ. ജോസഫ് ബംഗ്ലാവുപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കൊടിയേറ്റിനെ തുടര്‍ന്ന് ഇടവകയിലെ സഹവികാരിമാരുടെ കാര്‍മികത്വത്തില്‍ സമൂഹബലിയും നടന്നു. പട്ടുനുല്‍കൊണ്ട് പിരിച്ചെടുത്ത കയറില്‍. ഗ്രീന്‍ പ്രോട്ടോക്കോളിന് പ്രാധാന്യം നല്‍കികൊണ്ടായിരുന്നു കൊടിയേറ്റ് നടന്നത്. 200 മീറ്റര്‍ നീളത്തില്‍ പ്രത്യേക പട്ടുനൂല്‍ കൊണ്ട് പിരിച്ചെടുത്ത കയര്‍ കന്യാകുമാരി സ്വദേശി ഫ്‌ളോറന്‍സസാണ് നേര്‍ച്ചയായിട്ട് കഴിഞ്ഞദിവസം പള്ളിയിലേക്ക് നല്‍കുകയായിരുന്നു. തിരുനാളില്‍ പങ്കെടുക്കാനായി തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇന്നലെ മുതലേ തന്നെ എത്തിയിരുന്നു. പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും. വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി മേയ് മൂന്നിന് രാവിലെ ഒന്‍പതിന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. മെയ് 14 ന് എട്ടാമിടം. രാത്രി ഒന്‍പതിന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും. ഇത്തവണത്തെ തിരുനാളിന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, പാളയംകോട്ടൈ രൂപതാ മെത്രാന്‍ മാര്‍. ജൂഡ് പോള്‍രാജ്, ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍മാരായ ഫാ. തോമസ് പാടിയത്ത്, ഫാ. ജോസഫ് മുണ്ടകത്തില്‍, തക്കല രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് മുട്ടത്തുപാടം എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും.






Share: