രാജീവ് വടശ്ശേരി, പുതുപ്പള്ളി
നമ്മുടെ കർത്താവ് സെഹിയോൻ മാളികയിൽ വച്ച് അപ്പം എടുത്തു വാഴ്ത്തി ഇതിൻറെ ശരീരം എന്നും വീഞ്ഞു വാഴ്ത്തി ഇതിൻറെ രക്തം എന്നും ഞാൻ വീണ്ടും വരുന്നതു വരെ ലോകാവസാനത്തോളം നിങ്ങൾ ചെയ്‌വീൻ എന്നും പറഞ്ഞു. ഇതാണ് ക്രിസ്തീയ ആരാധനയുടെ അടിസ്ഥാനം. സഭയുടെ സ്ഥാപനവും ഇവിടെത്തന്നെ. ഒരേ അപ്പത്തിൻ്റെ അംശികളാകുന്നതുപോലെ സകലവും പങ്കുവയ്ക്കുന്ന അനുഭവമാണ് ക്രിസ്തീയത. ആദ്യ കാലങ്ങളിൽ തങ്ങൾക്കുള്ളതൊക്കെയും വിറ്റ് ധനം അപ്പൊസ്തലന്മാരെ ഏൽപ്പിച്ചിരുന്നു. അന്ന് എല്ലാം പൊതുവക എന്ന് എണ്ണിയിരുന്നു. ഇതാണ് സ്തോത്രകാഴ്ച സമർപ്പിക്കുന്നതിൻ്റെ അടിസ്ഥാനം. ഇപ്രകാരം സമർപ്പിക്കുന്നവ ശപഥാർപ്പിതം അഥവാ ദൈവത്തിനായി സമർപ്പിക്കുന്നവ എന്ന് പരിഗണിച്ചിരുന്നു.
ക്രിസ്തീയ സഭകളെ അവയുടെ ഭരണരീതി അനുസരിച്ച് സ്വതന്ത്ര സഭകൾ അഥവാ പ്രാദേശിക സഭകൾ എന്നും ദേശീയ സഭകൾ എന്നും പൊതുവേ രണ്ടായി തിരിക്കാം.
പ്രാദേശിക സഭകൾ
ഓരോ കൂടിവരവും (പള്ളികൾ) സ്വതന്ത്രമായ സഭകളെയാണ് പ്രാദേശിക സഭകൾ എന്ന് പറയുന്നത്. പൊതുവേ അവ ആ ഒരു പള്ളിയിൽ(കൂടിവരവിൽ) മാത്രം ഒതുങ്ങി നിൽക്കുന്നു. ഒരേ പേരിൽ ഒന്നിൽ കൂടുതൽ സഭകൾ ഉണ്ടെങ്കിലും അവരുമായി ഒരു ബന്ധവും ഉണ്ടായിരിക്കുകയില്ല. ഉദാഹരണം: ബ്രദറൺ സഭകൾ, സ്വതന്ത്ര സഭകൾ.
ദേശീയ സഭകൾ
ഒരു സഭയിൽ ഒന്നിലധികം പള്ളികൾ ഉണ്ടായിരിക്കും. ഒരോ പള്ളിയും പൂർണ്ണമായും സ്വതന്ത്ര യൂണിറ്റുകളല്ല. സഭയുടെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും വിധേയമായ സ്വാതന്ത്ര്യമേ ഓരോ പള്ളികൾക്കും ഉള്ളൂ. പൊതുവേ ജനാധിപത്യ രീതിയിൽ ഭരിക്കപ്പെടുന്നു. ഒരു രാജ്യത്തെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അഥവാ സഭയെ പ്രാദേശിക തലത്തിൽ പ്രധിനിധീകരിക്കുന്നത് ഇടവകപ്പള്ളികളാണ്. ഒരു വ്യക്തിക്കും സഭയിലേക്ക് നേരിട്ടു പ്രവേശിക്കാനാവില്ല. പ്രവേശനം ഓരോ പ്രദേശങ്ങളിലുമുള്ള ഇടവകപ്പള്ളികളിൽക്കൂടി ആയിരിക്കും. ആയതിനാൽ ഇടവകപ്പള്ളികൾ സഭയുടെ അവിഭാജ്യ ഘടകങ്ങളാണ്.
ഇടവക പള്ളികൾ സ്വതന്ത്ര ഘടകങ്ങളോ?
ഇടവക പള്ളികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പലർക്കും സംശയങ്ങളുള്ളതായി കാണുന്നു. അതിനാൽ തന്നെ ചില തെറ്റിദ്ധാരണകളും ഉണ്ട് താനും.
ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഇടവകപ്പള്ളികൾ സ്വതന്ത്രമാണ് എന്നാണ് എൻ്റെ അഭിപ്രായം. എന്നാൽ സ്വന്തം എന്നു പറയുമ്പോൾ ആ സ്വാതന്ത്ര്യം എത്രത്തോളം ആണ് എന്നതാണ് പ്രശ്നം. ഒരു രാജ്യത്തിലെ ഓരോ പൗരനും സ്വതന്ത്രനാണ്. എങ്കിലും ആ സ്വാതന്ത്ര്യത്തിന് ചില പരിമിതികൾ ഉണ്ടെന്നു പറയാതിരിക്കുവാൻ വയ്യ. ഓരോ പൗരനും രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്. എല്ലാവരും സ്വതന്ത്രരാണ് എന്നു പറഞ്ഞ് അവർക്കിഷ്ടമുള്ളതൊക്കെ ചെയ്യുവാൻ തുടങ്ങിയാൽ രാജ്യം പ്രശ്നത്തിലായതു തന്നെ. എന്നാൽ നിയമങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ്. അഥവാ ജനങ്ങളുടെ നന്മയ്ക്കു വേണ്ടി. അല്ലാതെ ജനങ്ങൾ നിയമത്തിനു വേണ്ടിയല്ല. (പക്ഷെ നമ്മുടെ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങുമ്പോൾ തിരിച്ചാണോ എന്ന് തോന്നിപ്പോകും). ഒരു ചെറിയ ഉദാഹരണം പറയാം.
ആദ്യ കാലങ്ങളിൽ വാഹനങ്ങൾ കുറവായിരുന്നു, അന്ന് ട്രാഫിക് നിയമങ്ങളും ഇല്ലായിരുന്നു. എന്നാൽ വാഹനങ്ങൾ പെരുകി ഓരോരുത്തരും തങ്ങൾക്ക് തോന്നിയതുപോലെ വാഹനങ്ങൾ ഓടിച്ചപ്പോൾ അപകടങ്ങൾ ഉണ്ടാകുവാൻ തുടങ്ങി. അപ്പോളുണ്ടായ പുതിയ ഒരു ആശയമാണ് റോഡിൻ്റെ നടുവിൽ കൂടി ഒരു വര വരയ്ക്കുക എന്നത് ക്രമേണ റോഡിൻ്റെ ഒരു പ്രത്യേക വശം ചേർന്ന് വാഹനങ്ങൾ പോവുക എന്നത് ട്രാഫിക് നിയമം ആയിത്തീർന്നു. അപ്പോൾ അപകടങ്ങളും കുറഞ്ഞു. അതായത് ജനങ്ങൾക്ക് അപകടമുണ്ടാകാതെ അവരെ രക്ഷിക്കുക എന്നതാണ് ട്രാഫിക് നിയമങ്ങളുടെ ലക്ഷ്യം. അതു പോലെ തന്നെ ഇടവകപ്പള്ളികളും സഭയുടെ നിയമങ്ങളും അനുസരിക്കുവാൻ ബാധ്യസ്ഥരാണ്. അതു പള്ളികളുടേയും സഭയുടെയും പൊതുവായ നന്മയ്ക്ക് ആവശ്യമാണു താനും.
രാജ്യം എന്നത് ഒരു വലിയ ട്രസ്റ്റാണ്. അതിനെ സംസ്ഥാനങ്ങളായും സംസ്ഥാനങ്ങളെ ജില്ലകളായും, പഞ്ചായത്തുകളായും ഭരണ സൗകര്യത്തിനായി ഭാഗിച്ചിരിക്കുന്നു. അതായത് രാജ്യത്തെ ഒരു ചെറിയ ഭാഗമാണ് ഓരോ പഞ്ചായത്തും. പഞ്ചായത്തു കളെ സ്വയംഭരണ സ്ഥാപനങ്ങൾ എന്നാണ് പറയുന്നത്. അതായത് ഓരോ പഞ്ചായത്തും സ്വതന്ത്രമാണ്. ഓരോ പഞ്ചായത്തിലും അതിലെ നിവാസികളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണസമിതിയുണ്ട്. പഞ്ചായത്തിലെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത് ഈ സമിതിയാണ്.
അതുപോലെ സഭയും ഒരു ട്രസ്റ്റാണ്. ഭരണ സൗകര്യത്തിനായി സഭയെ ഭദ്രാസനങ്ങളായും ഇടവകകളായും വിഭജിച്ചിരിക്കുന്നു. ഇടവകയിലെ ജനങ്ങളുടെ ആരാധനയ്ക്കായി നിർമ്മിച്ചതാണ് ഇടവക പള്ളികൾ. അതായത് ഇടവക പള്ളികൾ ഇടവകയിലെ അംഗങ്ങൾ. പുറത്തുള്ളവർക്ക് ഇടവക പള്ളിയിൽ എന്തെങ്കിലും അവകാശം വേണമെങ്കിൽ ഇടവകയിൽ അംഗത്വം സ്വീകരിക്കണം ഇടവകയിലെ അംഗത്വം എന്നത് സഭയിലെ അംഗത്വം തന്നെയാണ്. ആ സ്ഥിതിക്ക് ഇടവകയിൽ അംഗത്വം നൽകുവാനുള്ള അധികാരം സഭയ്ക്കാണ്. കാരണം ഇടവകാംഗത്വം എന്നത് ആത്മീയ കാര്യമാണ്. അതുകൊണ്ട് തന്നെ സഭയ്ക്കുവേണ്ടി പട്ടക്കാരനാണ് അത് നൽകേണ്ടത്. യഥാർത്ഥ ഇടവകയിൽ നിന്നും ദൂരെ താമസിക്കുമ്പോൾ സമീപത്തുള്ള ഇടവകയിൽ താൽക്കാലിക അംഗത്വം സ്വീകരിക്കുന്നു. മറ്റൊരു ഇടവകയിൽ അംഗമായിരിക്കു ന്നതിനാൽ സ്ഥിരാംഗത്വത്തിൻ്റെ ആവശ്യവുമില്ല. എന്നാൽ ആദ്യ ഇടവകയിൽ നിന്നു മാറുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇടവകാഗത്വവും മാറ്റണം. അതായത് രണ്ടാമത്തെ ഇടവകയിൽ സ്ഥിരാംഗത്വം സ്വീകരിക്കണം. അപ്പോൾ ഒരേ സമയം പല ഇടവകകളിൽ അംഗത്വം ആവശ്യമില്ല, സാധ്യവും അല്ല. അങ്ങിനെ നോക്കുമ്പോൾ ഒരു രാജ്യത്തെ ഏറ്റവും ചെറിയ ഘടകം ആയ പഞ്ചായത്തുകളുടെ സ്ഥാനമാണ് സഭയിൽ ഇടവകപ്പള്ളികൾക്ക്
പഞ്ചായത്തുകൾ സ്വയംഭരണ സ്ഥാപനങ്ങൾ ഓരോ പള്ളിയിലേയും ഭരണം നിർവഹിക്കുന്നത് ആ പള്ളിയിലെ ഇടവകക്കാരാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണസമിതിയാണ്. എന്നാൽ ഇത് ഭൗതീക കാര്യങ്ങളിൽ മാത്രമാണ്. ആത്മീയകാര്യങ്ങൾ തീരുമാനിക്കാൻ ജനങ്ങൾക്ക് അവകാശമില്ല. അതിനുള്ള അവകാശം ഇടവക മെത്രാപ്പോലീത്തായാൽ നിയമിക്കപ്പെടുന്ന പുരോഹിതനു മാത്രമാണ്. അതിൻ്റെ അടിസ്ഥാനം യേശുക്രിസ്തുഎഴുപത് അറിയിപ്പുകാരെ ചില അധികാരങ്ങളൊക്കെ നൽകി അയയ്ക്കുന്നതും, അവൻ്റെ ശിഷ്യന്മാർക്കു ചില പ്രത്യേക അധികാരങ്ങൾ നൽകുന്നതുമാണ്.
രാജ്യം ഒരു വലിയ ട്രസ്റ്റാണ് എന്നു പറഞ്ഞല്ലോ? രാജ്യത്തിൻ്റെ നിയമങ്ങൾ സംസ്ഥാനങ്ങൾക്കും അതിലെ ജില്ലകൾക്കും, പഞ്ചായത്തുകൾക്കും എല്ലാം ബാധകമാണ്. അതുപോലെ തന്നെ സഭയുടെ നിയമങ്ങൾ പാലിക്കുവാൻ ഓരോ ഇടവകപ്പള്ളിയും ബാധ്യസ്ഥമാണ്. അതായത് ഇടവകപ്പള്ളികൾക്കുള്ള അധികാരം സഭയുടെ ഭരണഘടനയ്ക്കുള്ളിൽ പരിമിതപ്പെടുന്നു. അതിനാൽ തന്നെ തങ്ങൾ ഏതു സഭയിൽ നിൽക്കണം എന്നു തീരുമാനിക്കുവാൻ ഉള്ള അധികാരം ഇടവകപ്പള്ളികൾക്കില്ല. അവ പൂർണ്ണമായും സഭയുടെ ഭാഗം (അവിഭാജ്യ ഘടകം) ആണ്. അതുപോലെ സഭയിലെ ഓരോ അംഗത്തിനും തങ്ങളുടെ സൗകര്യം പോലെ താൽക്കാലികമായോ സ്ഥിരമായോ ഏത് ഇടവകപ്പള്ളിയിലേക്കും അംഗത്വം മാറ്റാനുള്ള അവകാശവും ഉണ്ട്. ഏതു സംസ്ഥാനത്തും പോയി ജീവിക്കുവാനുള്ള മൗലീകാവകാശം നമ്മുടെ രാജ്യത്തിലെ ഭരണഘടന നൽകുന്നതിനു തുല്യമാണ് ഇത്.
രാഷ്ട്രീയ പാർട്ടികളേയും ഇതുപോലെ ഒറ്റ ട്രസ്റ്റാണ് പരിഗണിക്കുന്നത്. പാർട്ടികളിൽ പിളർപ്പുണ്ടാകുമ്പോൾ ഓഫീസുകളുടെ അവകാശം സംബന്ധിച്ച് തർക്കമുണ്ടായാൽ കോടതികൾ നോക്കുന്നത് യഥാർത്ഥ പാർട്ടിയാണ് എന്നാണ്. അവിടെ പാർട്ടിയിലെ മൊത്തം അംഗസംഖ്യയോ, ഓരോ ഓഫീസിൻ്റെയും കീഴിലുള്ള അംഗസംഖ്യയോ അല്ല പരിഗണിക്കുന്നത്. അതുപോലെ പള്ളിയിലെ ഇടവകക്കാരിൽ കുറച്ചുപേർ മറ്റൊരു സഭയിൽ ചേരുകയോ പിളർന്ന് മാറുകയോ ചെയ്താൽ യഥാർത്ഥ സഭയിൽ നിൽക്കുന്നവർക്ക് ആയിരിക്കണം ഇടവകപ്പള്ളിയുടെ അവകാശം. ഇവിടെ ഭൂരിപക്ഷ പരിശോധനയൊ ഹിത പരിശോധനയോ ശരിയല്ല.
ഇതിനു മറ്റൊരു വശം കൂടി ഉണ്ട്. എല്ലാ പള്ളികളും സ്വയംപര്യാപ്തമല്ല. കൂടുതൽ അംഗങ്ങൾ ഉള്ളതോ സാമ്പത്തികശേഷി കൂടിയതോ ആയ പള്ളികളിൽ നിന്നും കൂടുതൽ പണം സഭ ശേഖരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പള്ളികളിൽ നിന്നും വളരെ കുറഞ്ഞ തുക മാത്രമേ ശേഖരിക്കാറുള്ളൂ. കൂടുതൽ പണം നൽകിയ പള്ളികളിലെ പണം ഉപയോഗിച്ചാണ് ഇപ്രകാരമുള്ള പള്ളികളിലെ കാര്യങ്ങൾ ചെയ്യുന്നത്. അതുപോലെ പുതിയ പള്ളി നിർമ്മിക്കുമ്പോൾ സഭയിലെ മറ്റ് ഇടവകകളിൽ പെട്ടവരിൽ നിന്നും, ഇതര മതസ്ഥരിൽ നിന്നും ഒക്കെ ശേഖരിക്കാറുണ്ട്. ഇടവകക്കാർക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നതിൻ്റെ ഈ തെളിവുകളാണ് ഇതൊക്കെ. ഒരു രാജ്യം തങ്ങളുടെ കേന്ദ്ര വിഹിതം അവികസിത പ്രദേശങ്ങളിൽ ചിലവഴിക്കുന്നതിന് തുല്യമാണ് ഇത്.
പുതിയ ഒരു പള്ളി നിർമ്മിക്കുകയോ പഴയ പള്ളി പുനർനിർമിക്കുകയോ ചെയ്യാൻ വിശ്വാസികളിൽ നിന്നും മറ്റുള്ളവരിൽ നിന്നും നേർച്ചകളായി (വഴിപാടായി) ലഭിക്കുന്ന പണമോ മറ്റു സാധനങ്ങളോ സ്വീകരിക്കാറുണ്ട്. പള്ളികളുമായി ബന്ധപ്പെട്ട മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും മറ്റും ചെയ്യുന്നതും ഇപ്രകാരം ലഭിക്കുന്ന ധനം ഉപയോഗിച്ചാണ്. ഇങ്ങനെ പള്ളികളിൽ ലഭിക്കുന്ന ധനമോ മറ്റു സാധനങ്ങളോ സ്വീകരിക്കുന്നത് നേർച്ചകൾ അഥവാ വഴിപാടുകളാണ്. ചിലർ ഈ സംഭാവന എന്ന വാക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ശരിയായ വാക്ക് നേർച്ച അഥവാ വഴിപാട് എന്നാണ്. ഇനി തങ്ങൾ സ്വതന്ത്രരാണ് എന്ന് ഏതെങ്കിലും ഇടവക പള്ളികൾക്ക് തോന്നിയാൽ ഇപ്രകാരം ഇടവകക്കാരിൽനിന്ന് അല്ലാതെ തങ്ങൾ ഒന്നും സ്വീകരിച്ചിട്ടില്ല എന്ന് തെളിയിക്കണം. അത് അത്ര എളുപ്പമല്ല കാരണം ഒരു ഭണ്ഡാരമോ നേർച്ച തളികയോ ഇല്ലാത്ത ഇടവകകൾ ഇല്ല എന്ന് തന്നെ പറയാം. ഇപ്രകാരം ഉള്ള വരവുകൾ ഇടവകക്കാരുടേത് മാത്രമല്ല അവിടെ സന്ദർശിക്കുന്ന ആരിൽ നിന്നും ലഭിക്കുന്നതാണ്.
ഇപ്രകാരം ലഭിക്കുന്നത് എന്തായാലും ആ ഇടവക ഉൾപ്പെടുന്ന സഭയ്ക്ക് നൽകുന്നു. സഭയ്ക്കു നൽകുന്നതെന്തും ദൈവത്തിനു നൽകുന്നതാണ് ക്രിസ്തീയവിശ്വാസം. എന്തു കൊടുക്കണം എന്നു തീരുമാനിക്കുവാനുള്ള അധികാരം കൊടുക്കുന്ന ആളിനാണ്. കൊടുക്കാനും കൊടുക്കാതിരിക്കാനും അധികാരമുണ്ട്. അനന്യാസിന്‌റേയും സഫീറയുടെയും സംഭവകഥ തന്നെ ഉദാഹരണം (അപ്പൊ.പ്രവൃത്തികൾ: 5:1-11). ഇവിടെ സ്വത്ത് അവരുടേതാണ്. അത് കൊടുക്കാതിരിക്കാനോ കുറച്ചു മാറ്റി വയ്ക്കുവാനോ അവർക്ക് അവകാശമുണ്ടായിരുന്നു എന്നാൽ മുഴുവൻ സ്വത്തും തങ്ങൾ ദൈവത്തിനായി സമർപ്പിക്കുന്നു എന്ന് പറയുകയും രഹസ്യമായി കുറച്ചു മാറ്റി വയ്‌ക്കുകയും ചെയ്തു എന്നതാണ് അവരുടെ ഭാഗത്തെ തെറ്റ്. അതായത് ദൈവത്തിനു സമർപ്പിക്കുന്നു എന്നു പറഞ്ഞാലും പിന്നീട് കൊടുക്കുന്ന ആൾക്ക് ഒരു അവകാശവുമില്ല. (ശ്രീ പത്മനാഭനു സമർപ്പിച്ച ഒന്നിലും തിരുവിതാംകൂർ രാജകുടുംബം അവകാശം ഉന്നയിക്കതിരുന്നതിനും കാരണം ഇതു തന്നെയാണ്). ഇങ്ങനെ നോക്കുമ്പോൾ ഇടവകപ്പള്ളികളും ഇടവകക്കാരുടേതാണെങ്കിലും അവർക്ക് വ്യക്തിപരമായി ഒരു അവകാശവുമില്ല. അതുകൊണ്ട് തന്നെ ആർക്കെങ്കിലും സഭയിൽ നിന്നു (ഇടവക സഭയുടെ ഭാഗമാണ്) പിരിഞ്ഞു പോകണം എന്ന് തോന്നിയാൽ ഇടവക സ്വത്തുക്കളിൽ നിന്നും എന്തെങ്കിലും വീതമോ തങ്ങൾ മുടക്കിയതു തിരികെ വേണമെന്ന് പറയാനാവില്ല. അപ്രകാരം വീതം ചോദിക്കുന്നതിനു മറുപടി അനന്യാസിന്‌റേയും സഫീറായുടെയും അനുഭവം തന്നെ.
ഇടവകക്കാർക്കുള്ള അവകാശം പരിമിതമാണ് എന്നത് മറ്റൊരു ഉദാഹരണം വഴി വ്യക്തമാക്കാം. പഞ്ചായത്തുകൾ സ്വയംഭരണസ്ഥാപനങ്ങളാണ് എന്നു പറഞ്ഞല്ലോ? ഞാൻ താമസിക്കുന്നത് കേരളത്തിലെ പുതുപ്പള്ളി പഞ്ചായത്തിലാണ്. ഞാനുൾപ്പെടെ ഈ പഞ്ചായത്തിലെ ഭൂരിപക്ഷം അംഗങ്ങളോ അല്ലെങ്കിൽ മുഴുവൻ അംഗങ്ങൾ തന്നെയോ ഒരു വിദേശ രാജ്യത്തിൻ്റെ പൗരത്വം സ്വീകരിക്കുന്നു എന്ന് കരുതുക. ഇവിടുത്തെ പഞ്ചായത്തു കമ്മറ്റി കൂടി ഐകകണ്ഠ്യേന ഈ പഞ്ചായത്തിനെ ആ വിദേശരാജ്യത്തിൽ ചേർക്കണം എന്നോ, ഈ പഞ്ചായത്ത് ആ രാജ്യത്തിൻ്റെ ഭാഗമാണെന്നോ ഒരു തീരുമാനം പാസാക്കിയാലും ആ തീരുമാനം നിലനിൽക്കില്ല. കാരണം അപ്രകാരം തീരുമാനിക്കുവാനുള്ള അധികാരം പഞ്ചായത്തിനില്ല. അതുപോലെ തന്നെ മറ്റൊരു സഭയിൽ ചേരണം എന്നു തീരുമാനിക്കുവാനുള്ള അധികാരവും ഇടവകപ്പള്ളികളും.
ഇന്ത്യൻ ഭരണഘടനയ്ക്കും ഇന്ത്യയിലെ നിയമങ്ങൾക്കും ഉള്ളിൽ നിന്നുള്ള തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം മാത്രമേ പഞ്ചായത്തിനുള്ളൂ. അതുപോലെ തന്നെ സഭയുടെ ഭരണഘടനയ്ക്കും സഭാനിയമങ്ങൾക്കും ഉള്ളിൽ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം മാത്രമേ ഇടവകപ്പള്ളികൾക്കുമുള്ളൂ അഥവാ അത്തരം തീരുമാനങ്ങൾക്ക് മാത്രമേ നിലനിൽപ്പുള്ളൂ.
അപ്രകാരം തന്നെയാണ് സെമിത്തേരികളുടെ കാര്യവും. ഓരോ ഇടവകകളുടെയും സെമിത്തേരികൾ അതാത് ഇടവകക്കാർക്ക് വേണ്ടി മാത്രമാണ്. അതിനു പുറമെ ഉള്ളവർക്ക് അത് വിനിയോഗിക്കണമെങ്കിൽ അവിടുത്തെ വികാരിയുടെ അനുവാദം ആവശ്യമാണ്. അതുപോലെ തന്നെ പുറമെ നിന്നുള്ള ഏതെങ്കിലും പുരോഹിതന് അവിടെ ആത്മീയശുശ്രൂഷ നിർവഹിക്കുവാൻ ആവില്ല. അപ്രകാരം ചെയ്യണമെങ്കിൽ അതാത് ഇടവക വികാരിമാരുടെ അനുവാദം ആവശ്യമാണ്. അല്ലാത്ത പക്ഷം ഒരു പരമോന്നത രാജ്യത്തിൻ്റെ ഭരണത്തിൽ മറ്റുള്ളവർ കൈ കടത്തുന്നതിന് തുല്യമാണ് അത്. എന്നാൽ ആത്മീയ ശുശ്രൂഷ സ്വീകരിച്ചില്ല എങ്കിലും ഇടവകയിൽ പെട്ടവർക്ക് സെമിത്തേരിയിൽ സംസ്കാരം തടയാനുമാവില്ല.
നമ്മുടെ പഞ്ചായത്ത് അഥവാ സംസ്ഥാനം ഏതു രാജ്യത്തിൻ്റെ ഭാഗമാവണം എന്ന് അവിടുത്തെ ജനങ്ങൾ തീരുമാനിക്കുന്നതിന് തുല്യമാണ് ഇടവകപ്പള്ളികളിൽ ഉള്ള ഹിതപരിശോധനയും ഭൂരിപക്ഷ പരിശോധനയും. അതിനാലാണ് ഇപ്രകാരം ഒരു പരിശോധന സർക്കാർ രാജ്യ കാര്യത്തിൽ ഇത് അനുവദിക്കാത്തത്. അത് അപ്രകാരമല്ല എന്ന് വാദിച്ചാൽ എല്ലാ ക്രിസ്തീയ പള്ളികൾക്കും അത് ബാധകമാണ് എന്ന് പറയേണ്ടി വരും. ഓർത്തഡോക്സ് പള്ളികളിലെ ഇടവകക്കാർ കത്തോലിക്കാ സഭയിലെയോ മാർത്തോമാ സഭയിലേയോ അംഗത്വം സ്വീകരിച്ചാൽ ഭൂരിപക്ഷാടിസ്ഥാനത്തിൽ അത് വിട്ടുകൊടുക്കുകയോ വീതം വയ്ക്കുകയോ ചെയ്യേണ്ടി വരും. അത് മാത്രമല്ല ഭൂരിപക്ഷം ഹിന്ദു മതമോ ഇസ്ലാം മതമോ സ്വീകരിക്കുന്ന പക്ഷം അവർക്ക് അത് വിട്ടു കൊടുക്കുകയോ അവരുടെ പൂജകൾക്കോ നിസ്കാരങ്ങൾക്കോ സമയം അനുവദിക്കുകയോ ചെയ്യേണ്ടി വരും.
നിയമങ്ങൾ അനുസരിക്കേണ്ടത് സഭയുടെ നിലനിൽപ്പിനുമാത്രമല്ല സമൂഹത്തിൻ്റെ നന്മയ്ക്കും ആവശ്യമാണ്. ഇതിനെതിരായ തീരുമാനവും സമൂഹത്തിന് തെറ്റായ സന്ദേശം ഏതുമാണ് നൽകുക. സഭയ്ക്കു മാത്രമല്ല സമൂഹത്തിനും നല്ല മാതൃക നൽകുക എന്നതാണ് ക്രിസ്തീയത. രാജ്യത്തിൻ്റെ നിയമങ്ങൾക്കു വിധേയമാകുക എന്ന സന്ദേശമാണ് ബൈബിൾ നൽകുന്നത്.; അതുപോലെ തന്നെ ദൈവവേലയ്ക്കായി സമർപ്പിക്കുന്ന ഒന്നിലും നൽകുന്ന ആൾക്ക് പിന്നീട് യാതൊരു അവകാശവുമില്ല എന്ന സത്യവും. ഇതിനെതിരായ ഏതു പഠിപ്പിക്കലും പ്രവർത്തനവും ക്രിസ്തീയമല്ല. രാജ്യത്തിലെയും സഭയിലെയും ഉത്തമ പൗരന്മാരായി ക്രിസ്തുവിൻ്റെ സന്ദേശം ലോകമെങ്ങും നൽകുക എന്നതാണ് ഏതൊരു ക്രിസ്ത്യാനിയുടെയും ദൗത്യം.