സിറോ മലബാർ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടന ചടങ്ങിൽ നിന്ന്
കൊച്ചി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സഭാസമൂഹങ്ങളും വ്യക്തികളും തനിച്ചല്ലെന്നും സഭ അവരുടെയൊപ്പം എന്നും ഉണ്ടാകുമെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സിറോ മലബാർ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ആസ്ഥഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സിനഡ് നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 52 മെത്രാന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 29ന് സിനഡ് സമാപിക്കും.
രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ആധുനിക ഇന്ത്യ കൈവരിച്ച പുരോഗതികളെ പ്രസംഗത്തിൽ മേജർ ആർച്ച് ബിഷപ്പ് അനുസ്‌മരിച്ചു. സ്വതന്ത്ര ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്‌തവർ നേരിടുന്ന പീഡനങ്ങൾ, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്‌റ്റ് ചെയ്‌ത് ജയിലിൽ അടച്ചത് ഉൾപ്പെടെ അനുസ്മരിച്ച അദ്ദേഹം, ക്രൈസ്‌തവർക്കുനേരെ രാജ്യത്തുടനീളം വർധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിക്കുകയാണെന്നും വ്യക്തമാക്കി. “വർധിച്ചുവരുന്ന പ്രതിസന്ധികളുടെ മുൻപിൽ നഷ്ടധൈര്യരായി സുവിശേഷ ദൗത്യത്തിൽനിന്നും നാം ഒരിക്കലും പിന്നോട്ടുപോകാൻ പാടില്ല" അദ്ദേഹം പറഞ്ഞു. സഭയുടെ അജപാലന ശൈലിയിലും ക്രമീകരണങ്ങളിലും കാലോചിതമായി സ്വീകരിക്കേണ്ട മാറ്റങ്ങളെയും പരിഷ്കരണങ്ങളെയും കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ട ദിവസങ്ങളാണിതെന്നും മേജർ ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു.